മമ്മൂട്ടിയ്ക്കു വേണ്ടി നിയമം മാറ്റുമോ?
മലയാളം ചാനലുകളില്‍ താരങ്ങള്‍ അവതാരകരായുള്ള ഏറെ റിയാലിറ്റി ഷോകളുണ്ട്, എല്ലാ ചാനലുകളും തമ്മില്‍ ഷോകളുടെ കാര്യത്തില്‍ റേറ്റിങ് കൂട്ടാനായി കടുത്ത മത്സരമാണ് നടക്കുന്നത്. അധികം വൈകാതെ ഈ മത്സരം കൂടുതല്‍ കടുക്കുമെന്നകാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കാര്യം മറ്റൊന്നുമല്ല മമ്മൂട്ടിയും ചാനല്‍ പ്രേവശത്തിന് തയ്യാറായിക്കഴിഞ്ഞു. ബോളിവുഡ് താരം അമീര്‍ ഖാന്റെ സത്യമേവ ജയതേ എന്ന പരിപാടിയുടെ മാതൃകയിലുള്ള ഒരു റിയാലിറ്റി ഷോയുമായിട്ടാണ് പ്രമുഖ ചാനലില്‍ മമ്മൂട്ടിയെത്താന്‍ പോകുന്നത്.
നിലവില്‍ താരങ്ങള്‍ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിര്‍മ്മാതാക്കളുടെയും മറ്റും സംഘടനകള്‍ നിബന്ധന വച്ചിട്ടുണ്ട്. അത് ലംഘിച്ച് പരിപാടി അവതരിപ്പിച്ചവര്‍ക്കെല്ലാം വിശദീകരണം നല്‍കേണ്ടിയും വന്നിട്ടുണ്ട്. ഈ നിലയ്ക്ക് മമ്മൂട്ടി എത്തരത്തിലാകും പരിപാടി അവതരിപ്പിക്കുകയെന്നകാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ല.
താരങ്ങള്‍ ചാനലുകളില്‍ അവതാരകരാകുന്നത് സംബന്ധിച്ച നിയന്ത്രണങ്ങളില്‍ തങ്ങള്‍ ചില വ്യത്യാസങ്ങള്‍ വരുത്താന്‍ പോകുന്നുണ്ടെന്ന് കേരള ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി അനില്‍ വി തോമസ് പറയുന്നു. മമ്മൂട്ടിയ്ക്ക് പരിപാടി അവതരിപ്പിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് ആയിക്കൂടായെന്നാണ് പലരും ചോദിയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സിനിമയിലെ ചില മുതിര്‍ന്ന നടന്മാരും സൂപ്പര്‍താരങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇളവ് നല്‍കുന്നതിനെ ചോദ്യം ചെയ്യുന്നുണ്ട്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രിസഡന്റ് മിലന്‍ ജലീല്‍ പറയുന്നത് മമ്മൂട്ടിയാലും മറ്റാരെങ്കിലുമായാലും സാമൂഹിക പ്രസക്തിയുള്ള പരിപാടികളാണെങ്കില്‍ അവതാരകരാകാന്‍ തങ്ങള്‍ മുഴുവന്‍ പിന്തുണയും നല്‍കുമെന്നാണ്. പക്ഷേ ചാനലിലെ പരിപാടികളെ എത്തരത്തിലാണ് സമൂഹത്തിന് ഗുണം നല്‍കുന്നതെന്നും ആതുരസേവനത്തിന് വേണ്ടിയുള്ളതെന്നും വിലയിരുത്തേണ്ടതെന്ന് അനില്‍ ചോദിയ്ക്കുന്നു.
പക്ഷേ എല്ലാ സംഘടനാ നേതാക്കളും ഒരേസ്വരത്തില്‍ പറയുന്നത് സ്വന്തം ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ അവയെ തങ്ങളുടെ ഷോ ദോഷകരമായി ബാധിയ്ക്കുന്നില്ലെന്ന് എല്ലാ താരങ്ങളും ഉറപ്പുവരുത്തണമെന്നാണ്. ഇതിന് മുമ്പ് റിമ കല്ലിങ്കല്‍ പോലുള്ള നടിമാരില്‍ നിന്നും സിനിമാ സംഘടനകള്‍ ചാനല്‍ പരിപാടി അവതരിപ്പിക്കുന്നകാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ഷോ ഏരെ റേറ്റിങ് ഉള്ള പരിപാടിയാണ്. ഈ പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ സുരേഷ് ഗോപി മറ്റ് ചിത്രങ്ങള്‍ക്കായി കരാര്‍ ഒപ്പുവച്ചിട്ടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ സുരേഷിന്റെ പരിപാടി സിനിമകളെ ബാധിയ്ക്കുന്ന പ്ര്ശ്‌നം വരുന്നുമില്ല. പക്ഷേ മമ്മൂട്ടിയുടെ കാര്യം മറിച്ചാണ്, മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങളില്‍ പലതും റിലീസിന് തയ്യാറാവുകയാണ്. ഇതിനിടെ താരം ചാനലില്‍ വരുന്നത് ചിത്രങ്ങളെ ബാധിക്കില്ലേയെന്നാണ് മറ്റുള്ളവരുടെ ചോദ്യം. മമ്മൂട്ടിയെപ്പോലുള്ളവര്‍ക്ക് വേണ്ടി സംഘടനകള്‍ നയം മാറ്റുന്നതിനെ വിമര്‍ശിയ്ക്കുന്നവരും കുറവല്ല.
No comments:
Post a Comment