Tuesday, 25 June 2013

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ചിത്രീകരണം പുരോഗമിക്കുന്നു

ലാല്‍ ജോസ്-മമ്മൂട്ടി ടീമിന്റെ 'ഇമ്മാനുവലി'ന്റെ വിജയാരവം തീരും മുന്‍പേ, ലാല്‍ ജോസ് അടുത്ത ചിത്രത്തിലേക്ക് കടന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി എം. സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുക്കുന്ന 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴയില്‍ പുരോഗമിക്കുന്നു. 'എത്സമ്മ എന്ന ആണ്‍കുട്ടി'ക്കു ശേഷം കുഞ്ചാക്കോ ബോബന് തനിമയുള്ള കഥാപാത്രം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ലാല്‍ ജോസ്. ചിത്രത്തില്‍ ഹൗസ്‌ബോട്ട് നടത്തിപ്പുകാരനായ ഗോപന്‍ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. 

കെട്ടിലും മട്ടിലും കഥാപാത്രത്തിനുവേണ്ടി ചാക്കോച്ചന്‍ ഏറെ മാറിയിട്ടുണ്ട്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ടൂറിസ്റ്റ് ഹൗസ്‌ബോട്ടിലെ നൃത്തക്കാരിയായ കൈനകരി ജയശ്രീയുടെ വേഷമാണ് നമിതയ്ക്ക്. ക്ലാസിക്കല്‍ ഡാന്‍സുകാരിയായ കഥാപാത്രത്തിനുവേണ്ടി നമിത ഡാന്‍സ് പഠിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ഷമ്മി തിലകന്‍, ശിവജി ഗുരുവായൂര്‍, ഹരിശ്രീ അശോകന്‍, അനുശ്രീ, ബിന്ദു പണിക്കര്‍, പൊന്നമ്മ ബാബു, ഇര്‍ഷാദ്, ഷിജു, ജോജു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കുട്ടനാട്ടിന്റെ പശ്ചാത്തലത്തില്‍ ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രം റംസാന് തിയേറ്ററില്‍ എത്തിക്കാനാണ് പ്ലാന്‍.

അണിയറശില്പികള്‍ ബാനര്‍ : ബാല്‍ക്കണി സിക്‌സ് എന്റര്‍ടൈനര്‍, നിര്‍മാണം:ഷെബിന്‍ ബക്കര്‍, സുല്‍ഫി അസീസ്, കഥ, തിരക്കഥ, സംഭാഷണം: എം. സിന്ധുരാജ്, സംവിധാനം : ലാല്‍ ജോസ്, ഛായാഗ്രഹണം:എസ്. കുമാര്‍ സംഗീതം:വിദ്യാസാഗര്‍, ഗാനങ്ങള്‍:വയലാര്‍ ശരത്ചന്ദ്രവര്‍മ, വസ്ത്രാലങ്കാരം: ഷീബാ റോഹന്‍, കലാസംവിധാനം:ഗോകുല്‍ദാസ്, മോഹന്‍ദാസ്, പ്രൊഡ. മാനേജര്‍ : അനില്‍, പ്രൊഡ. കണ്‍ട്രോളര്‍ : വിനോദ് ഷൊര്‍ണൂര്‍. 


ആട്ടിന്‍കുട്ടിയുടെ ധര്‍മസങ്കടങ്ങള്‍ കുഞ്ചാക്കോ ബോബന്‍

''കുട്ടനാടന്‍ ഭൂമികയില്‍ ഒരു ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഞാന്‍. കുട്ടനാട്ടിലെ ഇന്നത്തെ ചെറുപ്പക്കാരുടെ പ്രതിനിധിയാണ് എന്റെ കഥാപാത്രമായ ഗോപന്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേഷംകെട്ടുന്ന ചെറുപ്പക്കാരന്‍. കുട്ടനാട്ടില്‍നിന്ന് പുറപ്പെട്ടെങ്കിലും ഫോര്‍ട്ട് കൊച്ചിയില്‍ എത്താത്ത ജീവിതം. പുള്ളിപ്പുലിയെപ്പോലുള്ള ചേട്ടന്മാര്‍ക്കിടയില്‍പ്പെട്ടുപോകുന്ന ആട്ടിന്‍കുട്ടി. ജീവിതയാത്രയില്‍ ആ ആട്ടിന്‍കുട്ടി പുള്ളിപ്പുലിയാകുന്ന കഥയാണിത്.'' 

കുട്ടനാടന്‍ നര്‍മക്കാഴ്ചകള്‍ ലാല്‍ ജോസ് (സംവിധായകന്‍)


''കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ഒരു മുഴുനീള ചിത്രം ഒരുക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നു. ആ സങ്കല്പത്തിന് അനുയോജ്യമായ ഒരു കഥ സിന്ധുരാജ് പറഞ്ഞപ്പോള്‍ 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' പിറന്നു. 'മീശമാധവന്‍'പോലെ ഫണ്‍ എലമെന്റ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കുവേണ്ടി ഒരു ചിത്രം ഒരുക്കാനുള്ള ശ്രമമാണിത്. കട്ടനാട്ടിലെ പുതിയ ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. അവരുടെ പ്രതിനിധിയാണ് ചാക്കോച്ചന്‍ വേഷമിടുന്ന ഗോപന്‍. 

ഒരു പണിക്കും പോകാത്ത അലസന്മാരായ 3 ചേട്ടന്മാരും അമ്മയും അടങ്ങുന്നതായിരുന്നു ഗോപന്റെ ലോകം. ജീവിക്കാന്‍ ബാങ്ക് ലോണില്‍ വാങ്ങിയ ഒരു ഹൗസ്‌ബോട്ടായിരുന്നു അവന്റെ പ്രതീക്ഷ. ബോട്ടിന്റെ ഓണറും യാത്രക്കാരെ കാന്‍വാസ് ചെയ്യുന്നവനും ഗൈഡും എല്ലാം ഒരാള്‍തന്നെ. താന്തോന്നികളായ ചേട്ടന്മാര്‍ എന്ത് ചെയ്താലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് ഗോപനാണ്. വീടിനകത്തും പുറത്തും ചേട്ടന്മാരെക്കൊണ്ട് പൊറുതിമുട്ടിയ ഒരനിയന്റെ ജീവിതപോരാട്ടത്തിന്റെ കഥയാണിത്. കാലത്തെ അടയാളപ്പെടുത്തുന്ന ഈ ചിത്രത്തില്‍ ഇന്നത്തെ കുട്ടനാടിന്റെ ക്രോസ് സെക്ഷനും ജീവിതവും ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' 

ഇത് ഇന്നത്തെ കുട്ടനാടിന്റെ കഥ എം. സിന്ധുരാജ് (തിരക്കഥാകൃത്ത്)


''ആലപ്പുഴ എന്റെ പരിചിതമായ ലോകമാണ്. പത്ത് കൊല്ലത്തിനുശേഷം കുട്ടനാടിന്റെ കാഴ്ചയിലും സംസ്‌കാരത്തിലും കാര്യമായ മാറ്റം കടന്നുകൂടിയിട്ടുണ്ട്. പണ്ടൊക്കെ കായലില്‍ അദ്ഭുതംപോലെ പ്രത്യക്ഷപ്പെടുന്ന ഹൗസ്‌ബോട്ടുകള്‍ ഇന്ന് കായലില്‍ നിറയെ കാണാം. വിദേശ ടൂറിസ്റ്റുകളുടെ വരവ് ഈ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ തീര്‍ത്തിട്ടുണ്ട്. പണ്ട് കായലില്‍ മീന്‍പിടിച്ചും തോണികുത്തിയും നടന്നവര്‍ ഇന്ന് ഹൗസ്‌ബോട്ടിന്റെ സ്രാങ്കുമാരും ഹൗസ്‌ബോട്ടിലെ കുക്കുമാരും ആയി മാറി. ചെറുപ്പക്കാര്‍ ടൂര്‍ ഓപ്പറേറ്റര്‍മാരായും ഹൗസ്‌ബോട്ട് മുതലാളിമാരായും മാറി. കാലം കുട്ടനാടന്‍ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം വളരെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും.'' 

No comments:

Post a Comment