ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് രാഷ്‌ട്രീയ സിനിമയല്ല - അരുണ്‍ കുമാര്‍ അരവിന്ദ് ...
മലയാളത്തില്‍ ഇപ്പോള്‍ കാണുന്ന "ന്യൂജനറേഷന്‍ " തരംഗങ്ങള്‍ക്ക്, അങ്ങനെയൊരു നിര്‍ബന്ധിത ശീര്‍ഷകം കൊടുക്കാതെ തന്നെ, കാരണമായ സിനിമ ഏതെന്ന് ചോദിച്ചാല്‍ പറയാവുന്ന ഉത്തരം ആണ് 2010ല്‍ റിലീസ് ആയ "കോക്ക്ടെയില്‍ ". അത് വരെയും എഡിറ്റര്‍ എന്ന് മാത്രം അറിയപ്പെട്ടിരുന്ന, "അരുണ്‍ കുമാര്‍ അരവിന്ദ്" എന്ന യുവപ്രതിഭയായിരുന്നു അതിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. നാം ഇന്ന് കാണുന്ന രൂപ ഭാവത്തിലുള്ള ഫഹദ് ഫാസിലിനെ പ്രേക്ഷകര്‍ക്ക് കിട്ടിയത് പോലും ആ സിനിമയിലൂടെയാണ്. അതിനു ശേഷം, അദ്ദേഹം സംവിധാനം ചെയ്ത "ഈ അടുത്ത കാലത്ത്" എന്നത്, ഏതൊരു പ്രേക്ഷനേയും രസിപ്പിക്കുന്ന, വളരെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു. മുരളീ ഗോപി എന്ന പ്രതിഭാശാലിയുടെ തിരക്കഥയില്‍ തയാറായ "ഈ അടുത്ത കാലത്ത്" , മള്‍ട്ടി ലിനിയര്‍ സിനിമ ശൈലി എന്നത് ലളിതമായ രീതിയില്‍ പ്രേക്ഷകരില്‍ എത്തിച്ചാല്‍ അവര്‍ അംഗീകരിക്കും എന്ന് തെളിയിച്ചു. സൂപ്പര്‍ ഹിറ്റായ ഈ പറഞ്ഞ രണ്ടു ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് "അരുണ്‍ കുമാര്‍ അരവിന്ദ് - മുരളീ ഗോപി" ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്". ക്രാഫ്റ്റ് അറിയാവുന്ന സംവിധായകനും, എഴുത്തറിയാവുന്ന തിരക്കഥാകൃത്തും ഒന്നിച്ച "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്", പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ സിനിമാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. ഈ സമ്മാനം മലയാളത്തിന് നല്‍കിയ അരുണ്‍ കുമാര്‍ അരവിന്ദിന് സ്വാഗതം.
1. കാലഘട്ടങ്ങള്‍ക്കനുസരിച്ച് പ്രേക്ഷകന്റെ പള്‍സ് എന്നും മാറി കൊണ്ടിരിക്കും, അതിനനുസരിച്ച് ഒരു വിജയം നേടുകയെന്നത് പ്രയാസമാണെന്നിരിക്കെ ഈ ഹാട്രിക് വിജയത്തെ എങ്ങനെ നോക്കി കാണുന്നു?
ഞാനെപ്പോഴും ഒരു പ്രേക്ഷകനെ പോലെ ചിന്തിക്കുന്ന ആളാണ്. പ്രേക്ഷനായി നിന്നുകൊണ്ട് ഒരു വിഷയത്തെ സമീപിക്കാനാണ് ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ പ്രേക്ഷകന്റെ പള്‍സ് എന്താണെന്ന് ഒരു പരിധി വരെ എനിക്ക് അറിയാം. പ്രേക്ഷകര്‍ ഏത് തരത്തിലുള്ള സിനിമ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കും. അപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്, എപ്പോഴും പുതുമ ഇഷ്‌ടപ്പെടുന്നവരാണ്‍ പ്രേക്ഷകരെന്നാണ്. ജീവിത രീതികള്‍ മാറുന്നതിന് അനുസരിച്ച് പ്രേക്ഷകരുടെ പുതുമയിലുള്ള അഭിരുചികളും മാറുന്നു. അതിനാല്‍ മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി അവതരണത്തില്‍ ഒരു പുതുമ കൊണ്ടുവരാന്‍ എപ്പോഴും ഞാന്‍ ശ്രമിക്കാറുണ്ട്.
2. കോക്ക്‌ടെയിലിന് ഒരു പടി മുകളിലാണ് ഈ അടുത്ത കാലത്ത്. അതിലും മെച്ചപ്പെട്ടതായി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ കണക്കാക്കുന്നു. ഇനി ഇവയില്‍ കുറഞ്ഞത് അംഗീകരിക്കാന്‍ പ്രേക്ഷകര്‍ ഒരിക്കലും തയ്യാറാകില്ല. അങ്ങനെയെങ്കില്‍ എന്താണ് അടുത്തതായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്നത്?
അതെ ഞാന്‍ അടുത്ത പ്രോജക്‌ടിന്റെ വര്‍ക്ക് തുടങ്ങി കഴിഞ്ഞു. "അങ്ങാടിത്തെരുവ്", "നാന്‍ കടവുള്‍ ", "കടല്‍ " തുടങ്ങിയ തമിഴ് സിനിമകളുടേയും, "ഒഴിമുറി" എന്ന മലയാള സിനിമയുടെയും കഥാകൃത്തായ ജയമോഹന്റെ വര്‍ക്കാണ് അടുത്തതായി ചെയ്യുന്നത്. അതിന്റെ കാസ്റ്റിംഗ് തുടങ്ങി കഴിഞ്ഞു. ഫഹദ് ഫാസിലും മുരളീ ഗോപിയുമാണ് ഇതില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സൈക്കോളിജിക്കല്‍ ത്രില്ലറാണിത്. അതിനാല്‍ തന്നെ എന്നാല്‍ കഴിയുന്ന വിധം അവതരണ ശൈലിയില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ്. പ്രേക്ഷകരെ കഴിയുന്നത്രയും ആസ്വദിപ്പിക്കുക എന്നതാണ് ഈ വര്‍ക്കിലൂടെയും ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്.
3. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ കുറിച്ചുള്ള വിവാദത്തെക്കുറിച്ച് എന്ത് പറയുന്നു. സിനിമാ രംഗത്തെ ഒരു പ്രമുഖന്‍ അതായത് ലിബര്‍ട്ടി ബഷീര്‍ തന്നെയാണ് ഇതിനെക്കുറിച്ച് പരാമര്‍ശിച്ച് രംഗത്തെത്തിയത്?
വിവാദം സത്യത്തില്‍ അനാവശ്യം തന്നെയാണ്. മറ്റാരും തന്നെ ഈ വിവാദം പറഞ്ഞ് കേട്ടതുമില്ല. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ഒരു നല്ല സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. പെരുമഴ പെയ്‌തിട്ട് പോലും ഈ സിനിമ കാണാന്‍ ആളുകള്‍ കയറുന്നുണ്ടെന്ന ഒരു പ്രത്യേകത തന്നെയാണ് അതിന് മറുപടി. തിയേറ്ററില്‍ പോയി സിനിമ കണ്ടവര്‍ നല്‍കുന്ന മൌത്ത് പബ്ലിസിറ്റി തന്നെയാണ് ചിത്രത്തിന്റെ പ്രചാരണ ഹൈലൈറ്റ്. സിനിമ വിവാദമാക്കണോ, സിനിമ വിജയിപ്പിക്കണോയെന്നതൊക്കെ പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. വിവാദ വിഷയങ്ങളൊന്നും ചിത്രത്തില്‍ ഇല്ല. പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്നതാണ് ഈ വിവാദം.
4. ഈ ചിത്രം ഒരു പൊളിഞ്ഞ ചിത്രമാണെന്ന് വിവാദം പരാമര്‍ശിച്ച വ്യക്തി തന്നെ ചാനലുകളില്‍ പറയുന്നത് കേട്ടു. അദ്ദേഹത്തിന് നിങ്ങളുടെ പ്രോജക്റ്റിലെ ആരെങ്കിലുമായി എന്തെങ്കിലും വ്യക്തി വൈരാഗ്യമുണ്ടോ?
അത്തരം ഒരു വൈരാഗ്യമുള്ളതായി എന്തായാലും എനിക്ക് അറിയില്ല. എന്നാലൊരു കാര്യം നിശ്ചയമായും പറയാം. ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തി ഈ സിനിമ കണ്ടിട്ടില്ല. അത് അദ്ദേഹത്തിന്റെ വാദങ്ങളില്‍ നിന്നും തന്നെ വ്യക്തമാകുന്നു.
5. നിങ്ങള്‍ പറയുന്നത് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത് രാഷ്‌ട്രീയമല്ലെന്നാണ്. എന്നാല്‍ പച്ചയായ നടപ്പ് രാഷ്‌ട്രീയത്തിലെ ചിന്തകളല്ലേ ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്?
അങ്ങനെ വാദിക്കാന്‍ കഴിയില്ല. 3 കഥാപാത്രങ്ങള്‍, ആ കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലുടെയാണ് കഥ പറയുന്നത്. അതിലെ ഭാഗം മാത്രമാണ് രാഷ്‌ട്രീയം, അല്ലാതെ രാഷ്‌ട്രീയം ഒരു മുഖ്യ തന്തുവല്ല. പിന്നെ സിനിമ എന്നത് രസിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. അത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നത് കൂടിയാകണം. അത്തരം ചിന്തയ്ക്കുള്ള ഒരു വഴി കൂടി ഈ സിനിമയില്‍ തുറന്നിടാന്‍ ശ്രമിച്ചിട്ടുണ്ട്.
6. കൈതേരി സഹദേവന്‍ എന്നത് പിണറായി വിജയനായും എസ് ആര്‍ എന്നത് വി എസ് അച്യുതാനന്ദനായും സാമ്യം തോന്നുന്നു. കഥാപാത്രം സൃഷ്‌ടിക്കുന്ന സമയത്ത് ഇവര്‍ തന്നെയായിരുന്നില്ലേ മാതൃകകള്‍?
ഒരിക്കലും അല്ല, അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല. നോര്‍ത്ത് കേരളയില്‍ ജനിച്ചു വളര്‍ന്ന ഒരാളുടെ ജീവിത പശ്ചാത്തലം. അതിലൂടെ പോകുമ്പോള്‍ ആ ജീവിതവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങള്‍ ഉണ്ടാകുന്നുവെന്നേയുള്ളൂ. അത്തരത്തില്‍ സാമ്യമുള്ള കഥാപാത്ര മാതൃകകള്‍ ഉണ്ടാക്കാന്‍ ഞാന്‍ ചെയ്‌തത് ഡോക്യുമെന്ററിയോ ഡോക്യുഫിക്‌ഷനോ അല്ല. പിന്നെ എന്തെങ്കിലുമൊക്കെ സാമ്യമുണ്ടായെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രം.
7. ചിത്രത്തിലെ പല കാര്യങ്ങളും മാധ്യമങ്ങളിലൂടേ ആരോപണങ്ങളായി കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ആരോപണങ്ങള്‍ ദൃശ്യവല്‍കരിക്കപ്പെടുമ്പോള്‍ അത് ചരിത്രത്തെ വളച്ചൊടിക്കല്‍ അല്ലേ? മാത്രമല്ല, സിനിമയെ ഗൌരവമായി കാണുന്ന പ്രേക്ഷകരെ തെറ്റിധരിപ്പിക്കലല്ലേ?
ഓരോരുത്തരും എങ്ങനെ ചിന്തിക്കുന്നുവെന്നത് കണക്കാക്കി സിനിമ പിടിക്കാന്‍ കഴിയില്ല. കേരളത്തിലെ രാഷ്‌ട്രീയമെന്നത് ഒരു കൂട്ടം ആളുകളില്‍ ഒതുങ്ങുന്നതല്ല. ഒരിക്കലും ചരിത്രത്തെ വളച്ചൊടിക്കാനോ പ്രേക്ഷകരെ തെറ്റിധരിപ്പിക്കാനോ ശ്രമിക്കാറില്ല, പകരം ഒരു ദൃശ്യത്തിലൂടെ പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ ഒരു അവസരം നല്‍കുന്നു. ഇതിലും അതു തന്നെയാണ് ചെയ്‌തത്.
8. സെല്ലുലോയ്ഡ് എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ഒരു കൂട്ടം കോണ്‍ഗ്രസുകാര്‍ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരം ഒരു വിവാദമുണ്ടായതിന് പിന്നാലെ എങ്ങനെയാണ് രാഷ്‌ട്രീയമായി വിവാദമായേക്കാവുന്ന ഒരു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ധൈര്യമുണ്ടായത്?
അത്തരത്തില്‍ വിവാദമായേക്കാവുന്ന ഒരു രാഷ്‌ട്രീയ സിനിമയല്ല ഇത്. സെല്ലുലോയ്ഡിലെ വിവാദം തന്നെ വെറുതെയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞതാണ്. പിന്നെ സെല്ലുലോയ്ഡ് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റും കഥാപാത്ര സൃഷ്‌ടികളും ഷൂട്ടിംഗും ആരംഭിച്ചിരുന്നു. അതിനാല്‍ വിവാദം എന്ന ഒരു ചിന്ത സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു. ഈ ചിത്രത്തിന്റെ ചിന്ത ഒരു രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ നിന്നല്ലയെന്നത് ഞാന്‍ ഇപ്പോഴും തറപ്പിച്ച് പറയുന്നു.
9. ഈ ചിത്രത്തില്‍ കൊലപാതക രാഷ്‌ട്രീയത്തിനെതിരെയുള്ള ചില പരാമര്‍ശങ്ങള്‍ നടത്തുന്നതിനോടൊപ്പം ക്ലൈമാക്‌സില്‍ ഒരു കൊലപാതകം തന്നെ ദൃശ്യവല്‍ക്കരിക്കുന്നു. ഇതിനെ ന്യായീകരിക്കാന്‍ പറ്റുമോ?
ക്ലൈമാക്‌സില്‍ കൊലപാതകമല്ല ദൃശ്യവല്‍ക്കരിക്കുന്നത്. ഒരു ആക്രമണം മാത്രമാണ്, കൈതേരി സഹദേവന്‍ മരിക്കുന്നോ ഇല്ലയോയെന്നത് പ്രേക്ഷകരുടെ ചിന്തയ്ക്ക് വിട്ടു നല്‍കുകയാണ്. അതിന് അനുസൃതമായാണ് അവിടുത്തെ ഡയലോഗ് പ്രസന്റേഷനും നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂ മൂടാന്‍ പറ്റുമോ.. പറ്റില്ല എന്നുള്ള തരത്തില്‍. അതിനാല്‍ ഇത് കൊലപാതക രാഷ്‌ട്രീയത്തെ ന്യായീകരിക്കലാണെന്ന് പറയാന്‍ കഴിയില്ല.
10. മുരളീ ഗോപി എന്ന അസാധ്യ പ്രതിഭയുമായുള്ള രസതന്ത്രത്തിന്റെ രഹസ്യമെന്താണ്? അദ്ദേഹത്തിന്റെ ബെസ്റ്റ് ഇതാണോ? അതോ ഇനി വരാന്‍ പോകുന്നതാണോ?
അദ്ദേഹത്തിന്റെ ബെസ്റ്റ് എന്തായാലും ഇതല്ല. ഒരു അതുല്യ പ്രതിഭയാണ് അദ്ദേഹം. അത് ഇനി വരുന്ന വര്‍ക്കുകളില്‍ എല്ലാവര്‍ക്കും കാണാനും കഴിയും. ഒരു വര്‍ക്ക് തുടങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ നിരവധി തവണ അതിനെപ്പറ്റി ചര്‍ച്ച ചെയ്യാറുണ്ട്. ഓരോ സിനിമയും നമുക്ക് പുതിയ സിനിമയായി തോന്നാറുണ്ട്. അങ്ങനെ കാണാന്‍ ശ്രമിക്കാറുണ്ട്. പിന്നെ ഒരു സഹൃദയന്‍ കൂടിയാണ് അദ്ദേഹം.
11. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ എറ്റവും ഇഷ്‌ടപ്പെട്ട കഥാപാത്രം ഏതായിരുന്നു? ആരുടെ പെര്‍ഫോര്‍മന്‍സാണ് ഏറ്റവും ഇഷ്‌ടമായത്?
അങ്ങനെ ചോദിച്ചാല്‍, എല്ലാ കഥാപാത്രങ്ങളും എനിക്ക് ഒരുപാട് ഇഷ്‌ടപ്പെട്ടിരുന്നു. കാരണം ഈ ചിത്രത്തില്‍ ഒരു സീനില്‍ മാത്രം വരുന്ന കഥാപാത്രങ്ങള്‍ക്കും, ഒരു ഡലയോഗ് മാത്രം പറയുന്ന കഥാപാത്രങ്ങള്‍ക്കും ഒരേ പ്രാധാന്യമുണ്ട്. ഈ അഭിപ്രായം എന്റേത് മാത്രമല്ല. ചിത്രം കണ്ടവരൊക്കെ ഈ അഭിപ്രായം എന്നോട് പറഞ്ഞവരാണ്. എന്റെ അഭിപ്രായത്തില്‍ ഈ ചിത്രത്തില്‍ എല്ലാവരും നായികാ നായകന്മാരാണ്.